കുട്ടനും കുഞ്ഞിയും
കുഞ്ഞിപ്പെണ്ണ് ആർത്തുചിരിച്ചു. അത്ര രസമായിരുന്നു മറിച്ചിൽ കാണാൻ.
"തടോം പുടോം തടോം പുടോം". കുഞ്ഞിപ്പെണ്ണ് വീണ്ടും വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു.
കുട്ടൻ കരഞ്ഞില്ല എന്നേയുള്ളു. അവനു നന്നായി നൊന്തു. മൊട്ടയടിച്ച തലയുമായാണ് കുട്ടിക്കരണം മറിയുന്ന കൊച്ചുകുരങ്ങനെപ്പോലെ അവൻ ഉരുണ്ടു വീണത്. തലയാണോ കയ്യാണോ കാലാണോ നോവുന്നതെന്നു യാതൊരു പിടിയും കിട്ടുന്നില്ല. അപ്പഴാണ് കുഞ്ഞിപ്പെണ്ണിന്റെ ചിരി. അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. തുളുമ്പി തുളുമ്പി ഒന്നും കാണാനാവാത്ത വിധം കണ്ണു നിറഞ്ഞു. കയ്യുടെ പുറംകൊണ്ട് കണ്ണുതുടച്ച് കുട്ടൻ തിരിഞ്ഞു നിന്നു. കായബലത്തിൽ കുഞ്ഞിപ്പെണ്ണിനെ തോൽപ്പിക്കാൻ അവനു കഴിയില്ല എന്നവന് നന്നായി അറിയാം. കാര്യം അനിയത്തിക്കുട്ടിയാണെങ്കിലും ശക്തിയുടെ കാര്യത്തിൽ കുഞ്ഞിപ്പെണ്ണത്ര കുഞ്ഞല്ല. കുട്ടനെടുക്കുന്നതിനേക്കാൾ തുണികൾ വിരിച്ചിടാനായി അവൾ പുരപ്പുറത്ത് കൊണ്ടുപോകാറുണ്ട്. കുട്ടനുകഴിയുന്നതിനേക്കാൾ വെള്ളം കുഞ്ഞിപ്പെണ്ണ് ബക്കറ്റിൽ ചുമക്കാറുണ്ട്. വന്നു വന്ന് "കുട്ടനെ വിളിക്കുന്നതിലും നല്ലത് ആ കുഞ്ഞിപ്പെണ്ണിനെ വിളിക്കുന്നതാ" എന്നായി ജോലിക്കാര്യത്തിൽ പലപ്പോഴും വീട്ടു സംസാരം.
കുട്ടൻ പുറംകൈകൊണ്ട് കണ്ണു തുടച്ചു. ചാമ്പമരത്തിൽ ചാമ്പങ്ങകൾ അത്രയും അങ്ങനെതന്നെ ഉണ്ട്. കുട്ടൻ വീണകൂട്ടത്തിൽ കുറച്ചു താഴെ വീണിട്ടുണ്ട് എന്ന് മാത്രം. അവനറിയാം ഉടൻതന്നെ കുഞ്ഞിപ്പെണ്ണ് ചാമ്പമരത്തിൽ കയറുമെന്നും കയ്യിലെ കൊച്ചുസഞ്ചി ചാമ്പങ്ങകൾ കൊണ്ടു നിറയുമെന്നും. അവനത്രയും ആലോചിച്ച നേരം കൊണ്ട് കുഞ്ഞിപ്പെണ്ണ് മരത്തിന്റെ ഉച്ചിയിലെത്തി. നല്ലോണം ചുവന്ന ചാമ്പങ്ങയൊന്ന് അവൾ കുട്ടനിട്ടു കൊടുത്തു.
“തിന്നോ തിന്നോ, നല്ല രസോണ്ട് ”
കുട്ടന്റെ കണ്ണുകൾ വിടർന്നു. വേദനയൊക്കെ മറന്നമട്ടായി. ചാമ്പങ്ങയവൻ ആർത്തിയോടെ കടിച്ചു. ആഹ.. മധുരവും പുളിയും ചേർന്ന് എന്താ രസം.
കുട്ടൻ മുകളിലേക്ക് നോക്കി. കുഞ്ഞി പറിയ്ക്കുന്നതിനിടയിൽ ചാമ്പങ്ങകൾ താഴേക്ക് വീഴുന്നുണ്ട്. അവൻ അത് പെറുക്കിക്കൂട്ടി. കിട്ടിയ ചാമ്പങ്ങയുമായി രണ്ടാളും വീട്ടിലേക്കോടി. ഓടുന്ന വഴി കുട്ടൻ ഓർമ്മിപ്പിച്ചു.
“ഞാൻ വീണകാര്യം നീയാരോടും പറയരുത്”
“ഇല്ല. കുഞ്ഞിപ്പെണ്ണ് മുട്ടത്തലയിൽ തൊട്ട് സത്യമിട്ടു”
******************************
വീട്ടിലെത്തിയ കുട്ടൻ അടുക്കളയിലേക്കോടി. കുഞ്ഞിപ്പെണ്ണിനേം കൂട്ടി ചാമ്പങ്ങ പറിച്ചത് വെറുതേയല്ല. കുട്ടൻ നല്ല ചുവന്നു പഴുത്ത ചാമ്പങ്ങ ആറെണ്ണമെടുത്ത് ചിരകിവച്ച തേങ്ങയും ചുവന്നുള്ളിയും ഇഞ്ചിയും അല്പം മുളകും ഉപ്പും ചേർത്തരച്ചു . കുട്ടൻ്റെ പാചക പരീക്ഷണങ്ങളുടെ സ്ഥിരം സ്വാദുനോട്ടക്കാരിയായ കുഞ്ഞി അടുക്കള പാതകത്തിൽ കയറി കാലും ആട്ടിയിരുപ്പാണ്.
കിർ കിർ കിർ
ആദ്യം കുട്ടൻ്റെ തൻ്റെ ചേരുവകൾ മിക്സിയിൽ ഒന്നൊതുക്കിയെടുത്തു.
കിർ കിർ കിർർർർർർർർർർ
കുട്ടൻ മിക്സി ഓഫാക്കി. മിക്സിയിൽ വട്ടം ചുറ്റിയരഞ്ഞ ചാമ്പങ്ങയും കൂട്ടരും അസ്സൽ ചമ്മന്തി കൂട്ടാനായിരിക്കുന്നു. കുഞ്ഞി അടുത്തിരുന്ന പാത്രം കുട്ടന് നീട്ടി. അതിൽ നെയ്മണക്കുന്ന ചൂടു ചോറും മീൻ വറുത്തതുമുണ്ടായിരുന്നു. അതിനരികിലേക്ക് കുട്ടൻ ഒരു കുഞ്ഞു ചമ്മന്തിയുരുള വെച്ചു കൊടുത്തു. ആഹാ കുഞ്ഞിയുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം. കുഞ്ഞി വിരലുകൾ നക്കി സന്തോഷത്തോടും അതിശയത്തോടും കുട്ടനെ നോക്കി. കുട്ടൻ കുഞ്ഞിയുടെ മറുപടിക്കായി കാത്തിരിക്കുകയായിരുന്നു.
“ സൂപ്പർ” കുഞ്ഞി പറഞ്ഞതു കേട്ടതും കുട്ടൻ്റെ കണ്ണുകൾ വിടർന്നു. അവൻ മുറിയിലേക്കോടി. കുട്ടൻ്റെ പാചക രുചികൾ എന്ന് ചുവപ്പ് നിറത്തിൽ പുറംചട്ടയിലെഴുതിയ ബുക്കെടുത്ത് ഇങ്ങനെ എഴുതി.
ഇന്നത്തെ രുചി
ചാമ്പങ്ങ ചമ്മന്തി
ചേരുവകൾ
…….
…..
….
….
******************************************
Comments
Post a Comment