കുട്ടനും കുഞ്ഞിയും
കുഞ്ഞിപ്പെണ്ണ് ആർത്തുചിരിച്ചു. അത്ര രസമായിരുന്നു മറിച്ചിൽ കാണാൻ. "തടോം പുടോം തടോം പുടോം". കുഞ്ഞിപ്പെണ്ണ് വീണ്ടും വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു. കുട്ടൻ കരഞ്ഞില്ല എന്നേയുള്ളു. അവനു നന്നായി നൊന്തു. മൊട്ടയടിച്ച തലയുമായാണ് കുട്ടിക്കരണം മറിയുന്ന കൊച്ചുകുരങ്ങനെപ്പോലെ അവൻ ഉരുണ്ടു വീണത്. തലയാണോ കയ്യാണോ കാലാണോ നോവുന്നതെന്നു യാതൊരു പിടിയും കിട്ടുന്നില്ല. അപ്പഴാണ് കുഞ്ഞിപ്പെണ്ണിന്റെ ചിരി. അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. തുളുമ്പി തുളുമ്പി ഒന്നും കാണാനാവാത്ത വിധം കണ്ണു നിറഞ്ഞു. കയ്യുടെ പുറംകൊണ്ട് കണ്ണുതുടച്ച് കുട്ടൻ തിരിഞ്ഞു നിന്നു. കായബലത്തിൽ കുഞ്ഞിപ്പെണ്ണിനെ തോൽപ്പിക്കാൻ അവനു കഴിയില്ല എന്നവന് നന്നായി അറിയാം. കാര്യം അനിയത്തിക്കുട്ടിയാണെങ്കിലും ശക്തിയുടെ കാര്യത്തിൽ കുഞ്ഞിപ്പെണ്ണത്ര കുഞ്ഞല്ല. കുട്ടനെടുക്കുന്നതിനേക്കാൾ തുണികൾ വിരിച്ചിടാനായി അവൾ പുരപ്പുറത്ത് കൊണ്ടുപോകാറുണ്ട്. കുട്ടനുകഴിയുന്നതിനേക്കാൾ വെള്ളം കുഞ്ഞിപ്പെണ്ണ് ബക്കറ്റിൽ ചുമക്കാറുണ്ട്. വന്നു വന്ന് "കുട്ടനെ വിളിക്കുന്നതിലും നല്ലത് ആ കുഞ്ഞിപ്പെണ്ണിനെ വിളിക്കുന്നതാ" എന്നായി ജോലിക്കാര്യത്തിൽ പലപ്പോഴും വീട്ടു സംസാരം. കുട്ടൻ പ...